Monday, 22 November 2010

അഭൌമമീ കരടിക നാദം


താളപ്പെരുമഴ സൃഷ്ടിക്കുന്ന വാദ്യമേളങ്ങളുടെ നാടാണ് കേരളം. പഞ്ചവാദ്യവും സോപാന സംഗീതവും ഉറഞ്ഞുതുള്ളുന്ന ചെണ്ട മേളവും മലയാളികളുടെ ഉത്സവങ്ങളുടെ ഭാഗമാണ്. പൂരത്തിന് ഇലഞ്ഞിത്തറ മേളത്തോടൊപ്പം താളം പിടിക്കാത്ത ഒരു മലായാളിയും ഉണ്ടാകില്ല. അവ നമ്മുടെ സംസ്കാരത്തിന്‍റെയും താളബോധത്തിന്‍റെയും പ്രതീകം കൂടിയാണ്. പ്രകൃതിയുടെ താളവും ജീവിതത്തിന്‍റെ ലയവും കോര്‍ത്തിണക്കി പ്രാചീന മനുഷ്യര്‍ നിരവധി താളവാദ്യോപകരണങ്ങള്‍ സൃഷ്ടിച്ചു. അവയിലേറെ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായി ഇന്ന് പ്രചാരത്തില്‍ ഉണ്ട്. ചിലവയാകട്ടെ പ്രാചീനതകള്‍ നിലനിര്‍ത്തി ഇന്നും ഉപയോഗിക്കുന്നു.

ഇന്ന് കേരളത്തിലെ അപൂര്‍വം ചില ക്ഷേത്രങ്ങളില്‍ ആചാരങ്ങള്‍ക്കുപയോഗിക്കുന്ന “കരടിക“ എന്ന വാദ്യം നമ്മുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഒരു പ്രാചീന വാദ്യോപകരണമാണ്. കാലാന്തരങ്ങളില്‍ പകര്‍ന്നു കിട്ടിയ താളബോധമാണ് ഈ വാദ്യത്തിന് പിന്നില്‍. ഇന്നും കാളീ ക്ഷേത്രങ്ങളില്‍ കാളിയുടെ ചിലമ്പൊലികള്‍ ഉയരുമ്പോള്‍ അതിന് പൂര്‍ണത നല്‍കാന്‍ കരടികയുടെ താളം പിന്നണിയില്‍ വേണം. തെക്കന്‍ കേരളത്തില്‍ തന്നെ വിരളിലെണ്ണാവുന്ന ക്ഷേത്രങ്ങളില്‍ മാത്രമേ ഈ പ്രാചീനവാദ്യം നിലവില്‍ ഉള്ളൂ. ഇതിന്‍റെ പ്രയോഗ സവിശേഷതകള്‍ നന്നായി അറിയാവുന്നവരും വിരളം. ചുരുക്കി പറഞ്ഞാല്‍ ജീവിച്ചിരിക്കുന്നവരില്‍ കരടിക വായനക്കാരനായ ഒരാള്‍ മാത്രമേ കേരളത്തില്‍ അവശേഷിക്കുന്നുള്ളൂ.

പരമ്പരാഗതമായി പഠിച്ചെടുക്കേണ്ട കരടിക വാദ്യോപകരണ പ്രയോഗം അഭൌമം തന്നെയാണ്.നിര്‍മാണ രീതിയിലെ വ്യത്യസ്തതയാണ് മറ്റ് താളവാദ്യങ്ങളില്‍ നിന്നും കരടികയെ വ്യത്യസ്തമാക്കുന്നത്. തോല്‍ പ്രതലത്തില്‍ ചെറിയ രീതിയില്‍ മുട്ടിയാല്‍ പോലും നിരവധി കമ്പനസ്വരങ്ങള്‍ ഉണ്ടാവുന്ന രീതിയിലാണ് ഇതിന്‍റെ നിര്‍മാണം. കമുകിന്‍ തണ്ടാണ് കരടിക കെട്ടാന്‍ ഉപയോഗിക്കുന്നത്. ശാസ്ത്രീയമായ അഭ്യാസവും നിരന്തരമായ പ്രയോഗ വഴക്കവും കൊണ്ട് മാത്രമേ ഇത് വായിക്കാന്‍ ആവുകയുള്ളൂ. കരടിക തോലിന്‍റെ വിവിധ ഭാഗങ്ങളില്‍ കോല്‍ കൊണ്ട് തട്ടുമ്പോള്‍ വിവിധ ശബ്ദങ്ങളാണ് പുറത്ത് വരുന്നത്. സപ്തശബ്ദങ്ങള്‍ വരെ ഇതില്‍ നിന്നും ഉണ്ടാകും. കാളിയൂട്ടിനും മറ്റും അഭൌമവും അലൌകികവുമായ ഒരു ചാരുത നല്‍കുന്നത് കരടിക വാദ്യമാണ്. എന്നിരുന്നാലും ഇത് അഭ്യസിക്കാന്‍ താല്‍‌പര്യമെടുക്കുന്നവര്‍ അപൂര്‍വം തന്നെ.

ഈ താളോപകരണം അസ്തമയത്തിന്‍റെ വക്കിലാണ്. വിദ്യാഭാസം ഉള്ളത് കൊണ്ട് തന്‍റെ മകന്‍ പോലും ഇത് അഭ്യസിക്കാന്‍ തയ്യാറാകുന്നില്ല എന്ന് പറയുന്ന ആ ഏക കരടികവാദ്യക്കാരന്‍റെ അസ്തമത്തോടെ ഈ പ്രാചീന വാദ്യവും നമ്മള്‍ മലയാളികള്‍ക്ക് നഷ്‌ടമായേക്കും.