Wednesday, 20 June 2007

നിന്‍റെ ഗാനം

സ്മൃതി സൂചി രാകി ഞാന്‍ നീല നീശീഥിനിയില്‍
താരങ്ങളെണ്ണിക്കിടക്കവേ
ഓര്‍ക്കുമാറുണ്ടെന്‍ സഖീ നിലാവായ്
നിന്‍ മുഖം സപ്ത സ്മൃതി പുണ്യമായി ഒഴുകുന്ന
നിന്‍റെ സ്നേഹം

ഓംകാര ബീജം മുഴക്കും ഘടികാര നാദത്തില്‍
ഇന്നിന്‍റെ ചെതുമ്പലുകള്‍ അടര്‍ന്നു വീഴ്കേ..
ഭാണ്ഡം മുറുക്കി ഞാനിനി യാത്ര തുടരട്ടെ,
പാഥേയമാകട്ടെ നിന്‍റെ ഗാനം
സാന്ത്വന ദീപമാകട്ടെ നിന്‍റെ സ്വരം.

Saturday, 26 May 2007

നാഴിക മണി

നിലാവിന്‍റെയനന്തതയിലേക്കലിഞ്ഞു ചേരുവാന്‍
എനിക്കൊരു സ്വപ്നമുണ്ട്, അതിലെനിക്കൊരു ഗാനമുണ്ട്
കിനാവിന്‍റെ അപാരതയിലേക്കെത്തി നോക്കുവാന്‍
എനിക്കൊരു കഥയുടെ ചിറകുണ്ട്
കറുത്തപാതയില്‍ വെളിച്ചമായി പൊലിയുവാന്‍
കൊഴിഞ്ഞു വീഴുമൊരു തൂവലുണ്ട്
കാരമുള്ള് തറഞ്ഞ് തറഞ്ഞ് കയറുമീ ഹൃദയത്തില്‍
മൃദുപാ‍ദമുയര്‍ത്തി നീയമര്‍ത്തി ചവിട്ടവേ,
ഓര്‍ക്കുമാറുണ്ടാ ഗാനവും കഥയും ഞാന്‍
നിലാവിന്‍റെയനന്തതയിലേക്കലിഞ്ഞു ചേരുവാന്‍
എനിക്കൊരു പുഴ കടക്കണം,
നാഴിക മണി മുഴക്കണം,
സ്വര്‍ഗ ദൂതനില്‍ വിശ്വസിക്കണം.